യുപിയില്‍ പ്രതികാര നടപടിയുമായി യോഗി ആദിത്യനാഥ്; പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് 25 ലക്ഷം രൂപ അടക്കാന്‍ നോട്ടീസ്

single-img
25 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുനേരെ പ്രതികാര നടപടിയുമായി യുപി സര്‍ക്കാര്‍. പ്രതിഷേധം നടത്തുന്നവർക്ക് നേരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ സമരത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് 25 ലക്ഷം രൂപ അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു.

പ്രതിഷേധത്തിനിടെ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനാണ് നോട്ടീസ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടക്കത്തിൽ സർക്കാർ 15 ലക്ഷം രൂപയുടെ നാശനഷ്ടമായിരുന്നു കണക്കാക്കിയത് എങ്കിലും പിന്നീട് 25 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. പ്രതിഷേധത്തിനിടെ ആക്രമണം അഴിച്ചുവിട്ട 28 പേരെ കണ്ടെത്തി നോട്ടീസ് അയക്കുകയായിരുന്നു.

നോട്ടീസ് ലഭിച്ചവർക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ ഏഴ് ദിവസം സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിന് ശേഷമായിരിക്കും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി തുടങ്ങുമെന്ന് രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഔജന്യ സിംഗ് പിടിഐയോട് പറഞ്ഞു. കേന്ദ്ര നിയമത്തിനെതിരെ കഴിഞ്ഞ ശനിയാഴ്ച രാംപൂരില്‍ നടന്ന പ്രക്ഷോഭത്തിനിടെയുള്ള നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി.ഇവിടെ പ്രതിഷേധക്കാര്‍ പോലീസിനെ ആക്രമിക്കുകയും ബാരിക്കേഡ് തകര്‍ക്കുകയും ബൈക്കുകളും പോലീസ് വാഹനവും കത്തിക്കുകയും ചെയ്തെന്ന് പോലീസ് ആരോപിച്ചു.

അതേസമയം പോലീസ് നടത്തിയ\ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത 31 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരിൽ 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ യുപിയിൽ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു.