ചൈനയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈമുതല്‍ തോക്കിന്റെ ശക്തി മാത്രം; ക്രിസ്തുമസ് സന്ദേശത്തില്‍ ദലൈലാമ

single-img
25 December 2019

ചൈനയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈമുതല്‍ തോക്കിന്റെ ശക്തി മാത്രമാണ് പക്ഷെ തങ്ങളുടെ കൈവശം സത്യത്തിന്റെ കരുത്താണുള്ളതെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനയിലെ സര്‍ക്കാറിന് നല്‍കിയ ക്രിസ്തുമസ് സന്ദേശത്തിലായിരുന്നു ദലൈലാമ സര്‍ക്കാരിനെ കടന്നാക്രമിച്ചത്. ഇന്ത്യയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളില്‍ ഒന്നായ ബിഹാറിലെ ഗയ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ലാമ.

നിലവിൽ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധമതക്കാര്‍ ഉള്ളത് ചൈനയിലാണെന്നും ശരിയായ ബുദ്ധിസം തങ്ങളുടേതാണെന്ന് ചൈനയിലെ ബുദ്ധമതക്കാര്‍ ഇപ്പോള്‍ മനസിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഉള്ളത് സത്യത്തിന്റെ ശക്തിയാണ്. ചൈനയിലാവട്ടെ കമ്യൂണിസ്റ്റ് സര്‍ക്കാറിന് തോക്കുകളുടെ ശക്തിയും.

കുറച്ചു കാലം കഴിയുമ്പോള്‍ സത്യത്തിന്റെ ശക്തിയായിരിക്കും തോക്കുകളുടെ ശക്തിയെക്കാള്‍ ദൃഢമാകുക.” അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

മനുഷ്യർ എന്ന നിലയില്‍ സന്തുഷ്ടവും സമാധാനപരവും സംതൃപ്തവുമായി ജീവിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. ഹൃദയത്തിലെ ആർദ്രതയിലും കരുണയിലുമാണ് സമാധാനം നിലനില്‍ക്കുന്നത്. ലോകത്തുള്ള എല്ലാ മനുഷ്യരും ജന്മം കൊണ്ട് കരുണയുള്ളവരാണ്. പക്ഷെ തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൗതിക വസ്തുക്കളിലാണ് മനുഷ്യര് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവയാകട്ടെ ക്ഷണികങ്ങളാണ്.സന്തോഷം എന്നത് മനസ്സിന്റെ ശാന്തിയാണെന്നും ദലൈലാമ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.