ജനുവരി 11, 12; മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ചു

single-img
24 December 2019

എറണാകുളം മരടിൽ തീരദേശസംരക്ഷണനിയമം ലംഘിച്ച് പണിത നാല് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ചു. പ്രമുഖ നിർമ്മാതാക്കളായ ഹോളി ഫെയ്‍ത്ത്, ഗോൾഡൻ കായലോരം, ആൽഫ ടവേഴ്‍സ്, ജെയ്ൻ കോറൽ കോവ് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ജനുവരി 11-നും 12-ാം തീയതിയുമായി പൊളിച്ച് നീക്കുക.

ഇവ പൊളിക്കാനുള്ള സമയക്രമം ഇങ്ങനെയാണ്: ജനുവരി 11- രാവിലെ 11 മണി – ഹോളി ഫെയ്‍ത്ത് – 19 നിലകൾ – എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല.

ജനുവരി 11- 11.30 മണി – ആൽഫ സെറീൻ ടവേഴ്‍സ് – വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല

ജനുവരി 12- രാവിലെ 11 മണി – ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല

ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി – ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല

ആദ്യം ജനുവരി 11-ന് രാവിലെ 11 മണിക്ക് ആദ്യം പൊളിക്കുന്നത് ഹോളി ഫെയ്ത്ത് എന്ന ഫ്ലാറ്റ് സമുച്ചയമാണ്. ഇതിലേക്കായി സ്ഫോടന വസ്തുക്കൾ ഈ ഫ്ലാറ്റ് സമുച്ചയത്തിൽ നിറയ്ക്കാനുള്ള പ്രാരംഭ ജോലികൾ തുടങ്ങിയിട്ടുണ്ട്. അടുത്ത ഇരട്ട സമുച്ചയമായ ആൽഫ സെറീൻ ടവേഴ്‍സ് പൊളിക്കാൻ പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമാണ്.

ഇതിനുള്ള എല്ലാ പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം, രണ്ടാം ദിവസമേ, ജെയ്ൻ കോറൽ കോവും, ഗോൾഡൻ കായലോരവും പൊളിയ്ക്കൂ. രാവിലെ 11 മണിക്ക് കോറൽ കോവ് പൊളിച്ച് നീക്കും, ഉച്ചയ്ക്ക് രണ്ട് മണിക്ക് മാത്രമേ ഗോൾഡൻ കായലോരം പൊളിക്കൂ. നടപടികൾ നടക്കുന്ന ദിവസം നാല് മണിക്കൂർ മാത്രമേ സ്ഥലത്ത് നിന്ന് പരിസരവാസികൾ മാറി നിൽക്കേണ്ടതുള്ളൂ എന്നാണ് കൊച്ചിയിൽ ചേർന്ന മേൽനോട്ട സമിതിയോഗത്തിൽ തീരുമാനമായത്.