‘ഒരുമിച്ച്‌ നില്‍ക്കണം’ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക്‌ മമതയുടെ കത്ത്‌

single-img
24 December 2019

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ പശ്ചിംബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരുമിച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ട്‌ മമത ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക്‌ കത്തയച്ചു.

പൗരത്വ നിയമ ഭേദഗതി യും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പരിഭ്രാന്തിയിലാണുള്ളത്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച്‌ നില്‍ക്കേണ്ടസമയമാണിത്. -മമത പറയുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച്‌ പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ആത്മാര്‍ഥമായി ആവശ്യപ്പെടുന്നുവെന്ന് മമത കത്തില്‍ പറയുന്നു.

കത്തിന്‍റെ പകര്‍പ്പ് സോണിയ ഗാന്ധി , ശരദ് പവാര്‍ , വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ്‌ ജഗന്‍ മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്
അയച്ചിരിക്കുന്നത്‌.