നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ചന്ദിരൂരില്‍ നടന്നു

single-img
24 December 2019

നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ  ജന്മഗൃഹ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ചന്ദിരൂരില്‍ നടന്നു. സമുച്ചയത്തിന്റെ ശിലാസ്ഥാപനം ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി നിര്‍വഹിച്ചു.

 ജന്മഗൃഹ സമുച്ചയം ഗുരുവിന്റെ ത്യാഗത്തില്‍ നിന്നാണ് ഇതള്‍ വിരിയുന്നതെന്ന് ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി പറഞ്ഞു. സാധാരണത്വത്തില്‍ നിന്നും അസാധരണത്വത്തിന്റെ അപാരതയിലേയ്ക്ക്  സഞ്ചരിച്ചയാളാണ് നവജ്യോതി ശ്രീകരുണാകര ഗുരു . ഇതിഹാസ തുല്യമായിരുന്നു ആ ജീവിതമെന്നും ഗുരുസ്ഥാനീയ കൂട്ടിച്ചേര്‍ത്തു. ഗുരുവിന്റെ ജീവിത സ്മരണകള്‍ തലമുറകളുടെ ധന്യതയാണെന്നും പറഞ്ഞു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ തന്നെ പ്രധാനപ്പെട്ട മതേതര കേന്ദ്രമായിരിക്കും  ശാന്തിഗിരി ജന്മഗൃഹ സമുച്ചയം. ഗുരുവിന്റെ 100-ാം ജന്മദിനമായ 2027 സെപ്റ്റംബര്‍ ഒന്നിന് സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഭക്തര്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. ആലപ്പുഴ, എറണാകുളം ജില്ലാ അതിര്‍ത്തിയോട്  ചേര്‍ന്ന് കൈതപ്പുഴ കായലോരത്തെ കരിനിലത്തെ അഞ്ചടിപ്പാടത്തിന് സമീപത്തെ  ഏഴ് ഏക്കര്‍ സ്ഥലത്താണ്  ഗുരുവിന്റെ ജന്മഗൃഹം. ഇവിടെ ഉണ്ടായിരുന്ന കുടിലിന്റെ സ്ഥാനത്താണ് പുതിയ സമുച്ചയം ഉയരുന്നത്.  സൗരയൂഥ കണക്കിനെ ആസ്പദമാക്കിയാണ് സമുച്ചയം നിര്‍മിക്കുക. മൂന്നുഘട്ടങ്ങളിലായാണ് നിര്‍മാണം. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയത്തിന് 50 കോടി രൂപയാണ്് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും നിര്‍മാണമെന്ന്  , ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു.