രാജ്യമാകെ പ്രതിഷേധം കനക്കുമ്പോൾ ഗുജറാത്തിലും കാശ്മീരിലും പാക്കിസ്ഥാനി വനിതകള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കി

single-img
24 December 2019

രാജ്യമാകെ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ വിവാദങ്ങളും പ്രതിഷേധങ്ങളും അലയടിക്കവെ ഗുജറാത്തിലും കാശ്മീരിലും പാക്കിസ്ഥാനി വനിതകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ഖദീജ പർവീണ്‍, ഹസീന ബെന്‍ എന്നിവർക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്.

ഇന്ത്യയിലെ കാശ്മീരി സ്വദേശിയെയാണ് ഖദീജ പർവീണ്‍ വിവാഹം ചെയ്തത്. അതേസമയം ഹസീന ബെന്നാകട്ടെ വിവാഹത്തിന് ശേഷം പാകിസ്ഥാൻ പൗരത്വം നേടി ഗുജറാത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുകൂട്ടർക്കും ജില്ലാ ഭരണകൂടമാണ് ഇന്ത്യൻ പൗരത്വം അനുവദിച്ചത്.

ഇന്ത്യയുടെ പൗരത്വം അനുവദിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിങ്കളാഴ്ചയാണ് പൂഞ്ച് ജില്ലാ വികസന കമ്മീഷണർ രാഹുൽ യാദവ് ഖദീജയ്ക്ക് കൈമാറിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം ഗുജറാത്തിലെ ബൻവാട് താലൂക്കിൽനിന്നുള്ള ഹസീന ബെൻ വിവാഹത്തിന് ശേഷം പാകിസ്ഥാൻ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 1990ലായിരുന്നു ഇവരുടെ വിവാഹം.

ഭർത്താവ് മരിച്ച ശേഷം ഹസീന ​ഗുജറാത്തിലേക്ക് മടങ്ങിവരുകയായിരുന്നു. 2017 ലാണ് ഹസീന ബെൻ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദ്വാരക ജില്ലാ കളക്ടർ ഹസീന ബെന്നിന് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയത്.