ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്‍ആര്‍സിയിലേക്കുള്ള ചവിട്ടുപടി; വിട്ടുവീഴ്ച പാടില്ലെന്ന് സിപിഎം

single-img
24 December 2019

ഇന്ത്യൻ സംസ്ഥാനങ്ങള്‍ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇപ്പോൾ നിയമമാക്കിയ എന്‍ആര്‍സിക്ക് മുന്നോടിയായാണ് ഈ എന്‍പിആര്‍ നടപ്പാക്കുന്നതെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു. എൻപിആർ പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭ 8500 കോടി അനുവദിച്ചിരിക്കുകയാണ്. ജനങ്ങൾ മാതാപിതാക്കളുടെ ജനനത്തിയതിയും ജനന സ്ഥലവും കൂടി ഉള്‍പ്പെടുത്തി 21 ഇന മാനദണ്ഡങ്ങള്‍ കൂട്ടിയാണ് പട്ടിക രേഖപ്പെടുത്തേണ്ടത്.

ഇത്തരത്തിൽ ശേഖരിക്കുന്ന മിക്ക ഡാറ്റയും 2010 ലെ അവസാന എന്‍പിആര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്. ഇതുവരെ 1955 ലെ പൗരത്വ നിയമത്തിലൂടെയും 2003 ഡിസംബര്‍ പത്തിന് വാജ്പേയി സര്‍ക്കാര്‍ അറിയിച്ച ചട്ടങ്ങളിലൂടെയും ദേശീയ ജനസംഖ്യാ രജിസ്റ്ററാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് അടിസ്ഥാനമായി കണക്കാക്കുന്നത്.അതിനാൽ ഈ നടപടി എന്‍ആര്‍സി നടപ്പിലാക്കുന്നതിനുള്ള ആദ്യ പടിയാണ് എന്ന് വ്യക്തമാണ്.

മോദി സര്‍ക്കാര്‍ അധികാരമേറ്റയുടനെ 2014 ജൂലൈ 23-ന് ഇത് വ്യക്തമാക്കിയതാണ്. ആഭ്യന്തര സഹമന്ത്രിയുടെ ചോദ്യത്തിന് രേഖാമൂലമുള്ള ഉത്തരത്തില്‍ ഇങ്ങനെ പറയുന്നു: ”എന്‍.പി.ആര്‍ പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്’.

നിലവിൽ എൻആർസി തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് ഇന്ത്യയിലെ കുറഞ്ഞത് 12 മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിൽ കേരളത്തിലെയും പശ്ചിമ ബംഗാളിലെയും മുഖ്യമന്ത്രിമാര്‍ എന്‍പിആറില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതുവരെ എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആര്‍ നീക്കം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിപിഎം പറയുന്നു.