പൊലീസ് വെടിവെച്ചുകൊന്നവര്‍ക്കുള്ള നഷ്ടപരിഹാരം പിടിച്ചെടുത്ത് പശുസംരക്ഷകര്‍ക്ക് നല്‍കണമെന്ന് ബിജെപി എംഎല്‍എ

single-img
24 December 2019

പൗരത്വഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലണമെന്നും കര്‍ണാടകയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം പശുസംരക്ഷകര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് വിജയ്പൂര്‍ എംഎല്‍എ . ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മംഗലാപുരത്ത് കൊല്ലപ്പെട്ടവര്‍ നിരപരാധികളല്ല.അവര്‍ അക്രമാസക്തരായ ആള്‍ക്കൂട്ടിന്റെ ഭാഗമായിരുന്നു.

പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരം മുഖ്യമന്ത്രി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതായും അദേഹം പറഞ്ഞു. ദേശസ്‌നേഹികള്‍ക്കും പശുസംരക്ഷകര്‍ക്കും ആ പണം നല്‍കണം. ആള്‍ക്കൂട്ടത്തിന്റെ ഭാഗമായുള്ളവര്‍ക്ക് ആ പണം നല്‍കരുതെന്നും ബിജെപി എംഎല്‍എ ആവശ്യപ്പെട്ടു. രാജ്യത്തിന് എതിരായി കലാപമുണ്ടാക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്നും അദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ പൗരത്വഭേദഗതിക്ക് എതിരായി സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപാവീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.