മിനിറ്റ് വെച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ താന്‍ മാപ്പെഴുതി നല്‍കി സ്വാതന്ത്ര്യസമരത്തെ ഒറ്റിയ ഭീരുവല്ല:ജന്മഭൂമിക്കെതിരെ ആരിഫ് എംപി

single-img
24 December 2019

ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം എംപി എ എം ആരിഫ്. സിപിഐഎം എംപി ആരിഫ് മുസ്ലിംലീഗിലേക്ക് പോകുമെന്ന് ജന്മഭൂമിയുടെ പ്രചരണത്തിനെതിരെയാണ് എംപി രംഗത്തെത്തിയത്. ‘മിനിറ്റ് വെച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത്,മാപ്പ് എഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല. സാമ്രാജ്യത്വത്തിന്റെയും കൊടിയ ദുഷ്പ്രഭുത്വത്തെയും വെടിയുണ്ടകളെ നെഞ്ചുവിരിച്ചു നേരിട്ട പുന്നപ്ര-വയലാര്‍ ധീര സഖാക്കളാണെന്നും ആരിഫ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.ആര്‍എസ്എസിനെ വിവിധ വിഷയങ്ങളില്‍ തുറന്ന് കാണിച്ച് എതിര്‍ത്ത് കൊണ്ട് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ നിലപാടുകള്‍ താന്‍ സ്വീകരിക്കുന്നത് ജന്മഭൂമിക്ക് ദഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ ഉയര്‍ത്തികൊണ്ട് വരുന്നതെന്നും ആരിഫ് പറഞ്ഞു.മതേതര രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന നിയമങ്ങളുമായി ഇറങ്ങിത്തിരിച്ച ബിജെപി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയുടെ അംഗമാണ് താന്‍. ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള സംഘപരിവാര്‍ ഗൂഡനയത്തിന് എതിരെ പാര്‍ലമെന്റിലും പുറത്തും നിലപാട് എടുക്കുന്നത് അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഒപ്പം നില്‍ക്കുന്നതിന്റെ ഭാഗമായാണെന്നും അദേഹം കുറിച്ചു.അതിനെ വളച്ചൊടിച്ച് ലീഗിലേക്ക് പോകുന്നുവെന്ന ഗീബല്‍സിയന്‍ നുണ പ്രചരിപ്പിക്കുന്നത് ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ഒരുകൂട്ടം മാധ്യമങ്ങളുടെ ഗതികേടിന് ഉദാഹരണമാണെന്നും അദേഹം നിരീക്ഷിച്ചു.