അമിത് ഷായുടെ പ്രസംഗത്തിലുള്ളത് ഡോഗ് വിസിൽ; പൌരത്വ രജിസ്റ്റർ മുന്നോട്ട് വെയ്ക്കുന്നത് അപരത്വത്തിന്റെ രാഷ്ട്രീയം: രാഹുൽ ഈശ്വർ

single-img
23 December 2019

ദേശീയ പൌരത്വ രജിസ്റ്ററും പൌരത്വ ഭേദഗതി നിയമവും മുന്നോട്ട് വെയ്ക്കുന്നത് അപരത്വത്തിന്റെ രാഷ്ട്രീയമെന്ന് രാഹുൽ ഈശ്വർ. അന്യമതസ്ഥനെ അപരനായി നിർത്താനുള്ള തീവ്ര വലതുപക്ഷത്തിന്റെ തന്ത്രമാണ് ഇതിലുള്ളതെന്നും രാഹുൽ ഈശ്വർ ഇവാർത്തയോട് പറഞ്ഞു.

അമിത് ഷായുടെ പ്രസംഗത്തിൽ അന്തർലീനമായിരിക്കുന്നത് ‘ഡോഗ് വിസിൽ’ രാഷ്ട്രീയമാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

“ അമിത് ഷായുടെ പ്രസംഗം കേട്ടില്ലേ? ‘ ഞങ്ങൾ ബാക്കിയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന, സിഖ്, കൃസ്ത്യൻ മതക്കാർക്കെല്ലാം ആദ്യം പൌരത്വം കൊടുക്കും. എന്നിട്ട്….നമ്മൾ പൌരത്വ രജിസ്റ്റർ കൊണ്ടുവരും. എന്നിട്ട് നമ്മൾ അവരെയല്ലാം പുറത്താക്കും’ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് വളരെ വ്യക്തമാണ്. ’

രാഹുൽ പറയുന്നു.

“അദ്ദേഹം പറയുന്നത് ഡോഗ് വിസിൽ രാഷ്ട്രീയമാണ്. ഇതിൽ അദ്ദേഹം മുസ്ലീങ്ങളെ ആണു ലക്ഷ്യം വെയ്ക്കുന്നത് എന്ന് മതേതരർ വിമർശിച്ചാൽ ‘ഇതിൽ മുസ്ലീങ്ങൾ എന്ന് പറഞ്ഞിട്ടില്ലല്ലോ?’ എന്ന് പറയും. എന്നാൽ ആരെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് അവരുടെ അനുയായികൾക്ക് കൃത്യമായി മനസിലാകുകയും ചെയ്യും.”

രാഹുൽ കൂട്ടിച്ചേർത്തു.

ജർമ്മനിയിലെ അപരത്വ നിർമാണം പോലെയല്ല ഇന്ത്യയിലേതെന്ന് രാഹുൽ അഭിപ്രായപ്പെടുന്നു. ഇന്തിയയിലെ ഹിന്ദുക്കളുടെ ആത്മീയ ശൂന്യതയാണ് തീവ്ര ഹിന്ദുത്വവാദികൾ ചൂഷണം ചെയ്യുന്നതെന്നാണ് രാഹുലിന്റെ വാദം.

കലാപത്തിലൂടെയും യുദ്ധത്തിലൂടെയും രാഷ്ട്രീയ അർത്ഥം കണ്ടെത്തുന്നവരാണ് മഹാത്മാ ഗാന്ധിയെ വധിച്ച ഗോഡ്സെയെപ്പോലെയുള്ളവരെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. യുദ്ധവീരന്മാരെ ആരാധിക്കുന്നതരം സംസ്കാരം ഇന്ത്യയിലുള്ളതും ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സാഹോദര്യത്തിൽ ജീവിക്കണമെന്ന് വാദഗതിയുള്ളയാളായിരുന്നു ഗാന്ധി. അദ്ദേഹത്തെ വധിക്കുന്നതിലൂടെ അത്തരം സഹവർത്തിത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഗോഡ്സെയ്ക്കുണ്ടായിരുന്നു എന്നും രാഹുൽ അഭിപ്രായപ്പെടുന്നു.

“പൌരത്വ രജിസ്റ്ററും യൂണിഫോം സിവിൽ കോഡുമെല്ലാം മുസ്ലീങ്ങളെ അപരവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പൌരത്വ രജിസ്റ്ററിന്റെ സാങ്കേതികത്വം ചർച്ച ചെയ്ത് ആരും സമയം പാഴാക്കരുത്. അതിന്റെ അടിസ്ഥാന ആശയം തന്നെ എതിർക്കപ്പെടേണ്ടതാണ്. മദയാന കുത്താൻ വരുമ്പോൾ അതിന്റെ ഓരോ കാലിൽ ചങ്ങലയിട്ടല്ല അതിനെ തളയ്ക്കേണ്ടത്. അതിന്റെ മസ്തകത്തിലാണ് അടിക്കേണ്ടത്.”

രാഹുൽ ഈശ്വർ പറയുന്നു.

ഇത്തരത്തിൽ മുസ്ലീങ്ങളെ അപരവൽക്കരിക്കുന്നതിനു തീവ്ര ഹിന്ദുത്വ വാദികൾ മാതൃകയാക്കുന്നത് ഗോൾവൾക്കറിന്റെ പുസ്തകങ്ങളിലെ ആശയങ്ങളാണ്. എന്നാൽ ഗോൾവൾക്കർ തന്റെ അവസാനകാലത്ത് ഇത്തരം ആശയങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരുന്നുവെന്നും രാഹുൽ പറയുന്നു. 1972-ൽ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ഗോൾവൾക്കറിന്റെ അഭിമുഖത്തിൽ അദ്ദേഹം യൂണിഫോം സിവിൽ കോഡ് അടക്കമുള്ള വാദഗതികളെ തള്ളിക്കളഞ്ഞുവെന്നും രാഹുൽ പറയുന്നു.