മംഗളുരുവില്‍ പോലീസ് നടത്തിയത് നരനായാട്ട്; പ്രതിഷേധക്കാരെ വെടിവെച്ചത് പിറകില്‍ നിന്ന്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

single-img
23 December 2019

കഴിഞ്ഞ ദിവസങ്ങളിൽ പൗരത്വ നിയമത്തിനെതിരെ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ അക്രമം കിരാതമാണെന്നും അതിനാൽ തന്നെ വിഷയത്തിൽ പോലീസ് അന്വേഷണം ഒരിക്കലും നീതിപൂര്‍വമാകില്ലെന്നും യുഡിഎഫ് എംപി കെ സുധാകരന്‍. മംഗളുരുവില്‍ പ്രതിധേധത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അവിടെ ഭീകരാവസ്ഥയാണ്. ഒരു വലിയ കലാപം നടന്ന മണ്ണില്‍ പോയ പ്രതീതിയായിരുന്നു. പോലീസ് വെടിവെപ്പിൽ രണ്ടു പേര്‍ മരിച്ചിട്ടുണ്ടെങ്കിലും 10 പേരുടെ അവസ്ഥ വളരെ ഗുരുതരമാണ്. ഇതിൽ വെടിയുണ്ട പുറത്തൂടെ കയറി മുന്നിലൂടെ കടന്നുപോയ രണ്ട് പേരുണ്ട്. കൈതണ്ട ചിതറിപോയവരുണ്ട്. പലരും അത്യാസന്ന നിലയില്‍ ഐസിയുവിലാണ്.’ – അദ്ദേഹം പറഞ്ഞു.

യാതൊരു തരത്തിലുമുള്ള അനുമതിയും ഇല്ലാതെ നേരിട്ടുള്ള വെടിവെപ്പാണ് നടന്നത്. അധികാരികളിൽ നിന്നും ഒരുതരത്തിലുള്ള പ്രഖ്യാപനവുമില്ലാതെ ഓടിപോവുന്നവരെയും നടന്നുപോകുന്നവരെയുമെല്ലാം പിറകില്‍ നിന്നും വെടിവെച്ച് കൊല്ലുകയായിരുന്നു. പല രീതിയിലുള്ള നരനായാട്ട് കണ്ടിട്ടുണ്ടെങ്കിലും ഏകപക്ഷീയമായി നിരപരാധികളായ മനുഷ്യര്‍ക്ക് നേരെ പോലീസ് വെടിവെക്കുന്ന സംഭവം ഞാന്‍ ആദ്യമായാണ് കാണുന്നത്.

സാഹചര്യം മോശമാണെന്നറിഞ്ഞ് തന്റെ കുട്ടിയെ സ്‌ക്കൂളില്‍ നിന്നും തിരിച്ചുകൊണ്ട് വന്ന് പുറത്തിറങ്ങിയ ആളാണ് കൊല്ലപ്പെട്ട ജലീല്‍. ഇവിടെയുള്ള മുന്‍ മേയറും അടികൊണ്ട് ആശുപത്രിയിലാണ്. പോലീസ് നടത്തുന്ന അന്വേഷണം നീതിപൂര്‍വകമാവില്ല എന്ന് നൂറുശതമാനം ഉറപ്പാണ് കാരണം, ഇതിലുള്ള പ്രതികളെല്ലാം പോലീസുകാരാണ്. അതുകൊണ്ട് തന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

അതേപോലെ തന്നെ കേരളത്തില്‍ നിന്നുള്ളവരാണ് ഇതിന്റെ പിന്നിലെന്നുള്ള വാദവും മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്ന ആരോപണവും ശുദ്ധ അസംബന്ധമാണ്. ശരിക്കും അവിടെ നടന്നത് ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെ ഫലമായി തെരെഞ്ഞെടുത്ത പോലീസ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ കിരാതമായ അക്രമമാണ്. ‘- കെ സുധാകരൻ പറഞ്ഞു.