ബിജെപി പ്രവർത്തകരിൽ നിന്നും ഭീഷണി; പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന് മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി

single-img
23 December 2019

കോഴിക്കോട് ജില്ലയിലെ നാദാപുരത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് മർദ്ദനം ഏൽക്കേണ്ടി വന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് തിരികെ പോയി. പ്രദേശത്തെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനാൽ ഭയന്നിട്ടാണ് പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇരുന്നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ നാദാപുരം കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രതിഷേധ ശേഷം രാത്രിയിൽ ഇവർ തിരികെ താമസ സ്ഥലത്തെത്തി ഭക്ഷണം കഴിക്കുമ്പോൾ മുഖം മറച്ച് എത്തിയ പത്തോളം വരുന്ന സംഘം മർദിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ഷഫീഖ് ഉൾ ഇസ്ളാമിന്‍റെ തലയിൽ അഞ്ച് തുന്നലുകളാണ് ഉള്ളത്. തങ്ങൾ പ്രകടനത്തിന് പോയതിനെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. തിരികെ നാട്ടിലേക്ക് തിരികെ പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണി ഉണ്ടെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.