പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാൽ ഇന്ത്യയും പാകിസ്താനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്: എം മുകുന്ദൻ

single-img
22 December 2019

കേന്ദ്ര സർക്കാർ നടപ്പാക്കാനിരിക്കുന്ന പൗരത്വ നിയമ ഭേദഗതി മതനിരപേക്ഷ ഇന്ത്യയുടെ അസ്ഥിത്വത്തെ തകര്‍ക്കുമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഈ നിയമം രാജ്യത്തിൽ നടപ്പിലാക്കിയാല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് കാലത്തിന് ശേഷം സ്വതന്ത്ര്യം കിട്ടിയതില്‍ ഇന്നും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.

അരുന്ധതി റോയ് പറഞ്ഞിട്ടുള്ള വാക്കുകള്‍ കടമെടുത്താല്‍ ഇന്നും എഴുന്നേറ്റുനില്‍ക്കുന്ന രാജ്യം, അത് ഇപ്പോഴുള്ള ഭരണാധികാരികള്‍ മറന്നുപോവരുത്. മതനിരപേക്ഷതയെ അടിസ്ഥാനമാക്കിയ ഇന്ത്യയുടെ അസ്ഥിത്വത്തെ തകര്‍ക്കുന്നതാണ് പൗരത്വ നിയമം.

ഈ നിയമത്തിൽ നിന്നും മുസ്ലീംങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണിത്. അയൽ രാജ്യമായ പാകിസ്താനുമായാണ് ഇവര്‍ ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. ഇന്ത്യ വേറെ, പാകിസ്താന്‍ വേറെ. ഇവ തമ്മില്‍ താരതമ്യം പാടില്ല. ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ലോകത്തെമ്പാടുംനിന്നുമുള്ള പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ്.

ലോകമാകെയുള്ള സര്‍വകലാശാലകളില്‍ പോലും ബില്ല് ചര്‍ച്ചയായിക്കഴിഞ്ഞു. രാജ്യത്തിന്റെ സല്‍പ്പേര് പോയിക്കൊണ്ടിരിക്കുകയാണ്.പാകിസ്താന്റെ വഴിയല്ല ഇന്ത്യയുടേത് എന്നാണ് നമ്മുടെ ഭൂതകാലവും വര്‍ത്തമാനകാലവും പറയുന്നത്. എന്ത് വിലകൊടുത്തായാലും നമ്മുടെ ഈ മതേതര സ്വഭാവം നിലനിര്‍ത്തണം.സർക്കാർ നിയമം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.