പ്രതിഷേധം ജില്ലാ ആസ്ഥാനങ്ങളിൽ; യുഡിഎഫ് സംഘത്തിന്‍റെ മംഗളൂരു സന്ദർശനം റദ്ദാക്കി

single-img
22 December 2019

കേരളത്തിന്റെ അയൽ സംസ്ഥാനമായ കർണാടകയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തോതിൽ സംഘ‍ര്‍ഷം നടന്ന മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്‍റെ തീരുമാനം റദ്ദാക്കി. കേന്ദ്ര സർക്കാരിനും നിയമത്തിനുമെതിരെ ദേശീയ തലത്തിൽ രാജ്ഘട്ടിൽ കോൺഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തിൽ സമരം നടക്കുമ്പോൾ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് സന്ദർശനം മാറ്റിവച്ചത്.

യുഡിഎഫ് മുന്നണിയിൽ നിന്നും എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംഎൽഎമാരായ എം സി ഖമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ എന്നിവരുൾപ്പെടുന്ന സംഘമാണ് നാളെ മംഗളൂരു സന്ദര്‍ശിക്കാനിരുന്നത്. പ്രതിഷേധം നടക്കുമ്പോൾ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവ‍ര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു യുഡിഎഫ് സംഘം സന്ദ‍ര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്.