പൗരത്വഭേദഗതി;പൊലീസ് വെടിവെച്ചുകൊന്ന യുവാക്കള്‍ക്കെതിരെ എഫ്‌ഐആര്‍

single-img
22 December 2019

പൗരത്വഭേദഗതിക്ക് എതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ യുവാക്കള്‍ക്ക് എതിരെ എഫ്‌ഐആര്‍. ജലീല്‍ എന്ന യുവാവ് മൂന്നാംപ്രതിയും, നൗഷീന്‍ എന്നയാള്‍ എട്ടാംപ്രതിയുമായാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് കേസെടുത്തത്. മംഗളൂര്‍ സൗത്ത് പൊലീസ് സ്റ്റേഷനിലും നോര്‍ത്ത് പൊലീസ് സ്റ്റേഷനിലുമാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.

നിയമവിരുദ്ധമായി സംഘം ചേരല്‍,ഗൂഡാലോചന,പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് സ്റ്റേഷനുകളിലായി രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ആകെ 74 ആളുകളാണ് പട്ടിയിലുള്ളത്. എന്നാല്‍ നൗഷീന്‍ പ്രതിഷേധങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇവരെ കൂടി ഉള്‍പ്പെടുത്തി പൊലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. അതേസമയം കര്‍ണാടക സര്‍ക്കാര്‍ പത്ത് ലക്ഷം രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു.