പൗരത്വ നിയമ ഭേദഗതി: വേണ്ടത് ഇടതുമുന്നണിയുമായി യോജിച്ച സമരം: മുസ്ലിം ലീഗ്

single-img
22 December 2019

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ കേരളത്തിൽ ഇടതുപക്ഷവുമായി യോജിച്ച പ്രക്ഷോഭം ആണ് വേണ്ടതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്. ഇക്കാര്യത്തിൽ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തത് ശരിയായ നിലപാടാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

ലീഗ് നിലകൊള്ളുന്നത് പ്രതിപക്ഷ നേതാവിന്റെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഭരണ, പ്രതിപക്ഷ സംയുക്ത സമരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

സിപിഎമ്മിനുള്ളത് കപട ന്യൂനപക്ഷ പ്രേമമാണെന്നും ഇടത് മുന്നണിയുമായി ചേര്‍ന്ന് സംയുക്ത സമരം നടത്തുന്നത് അടഞ്ഞ അധ്യായമാണെന്നുമായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. എന്നാൽ മുല്ലപ്പള്ളിയെ തള്ളി വിഡി സതീശനും സിപിഎമ്മും രംഗത്ത് എത്തിയിരുന്നു.