കുടിശിക അടച്ചില്ല,ഫ്യൂസ് ഊരിയ് കെഎസ്ഇബി ജീവനക്കാരനെ ഓട്ടോറിക്ഷകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു; കോട്ടയം സ്വദേശിക്കെതിരെ കേസ്

single-img
22 December 2019

വൈദ്യുതിബില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമസ്ഥന്‍ ഓട്ടോറിക്ഷ കൊണ്ട് മനപൂര്‍വ്വം അപകടമുണ്ടാക്കിയതായി പരാതി. കോട്ടയം പനയത്തിക്കവലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാജിക്ക് എതിരെയാണ് പരാതി. അതിരമ്പുഴ ഇലക്ട്രിക് സെക്ഷനിലെ വര്‍ക്കര്‍ ഇ ആര്‍ ജയദേവന്‍ പരുക്കുകളോടെ ചികിത്സയിലാണ്. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ വൈദ്യുതി ബില്‍ കുടിശിക ഉണ്ടായതിനാല്‍ ഷാജിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥനായ ജയദേവന്‍ വീട്ടുകാരെ അന്വേഷിച്ചെങ്കിലും സ്ഥലത്തുണ്ടായില്ല. ഇയാളുടെ മൊബൈല്‍ നമ്പറില്‍ പലതവണ വിളിച്ചിട്ടും എടുത്തില്ലെ.

എന്നാല്‍ ഫ്യൂസ് ഊരി മീറ്റര്‍ ബോക്‌സില്‍ തന്നെ വെച്ചശേഷം ജയദേവന്‍ ഓഫീസിലേക്ക് മടങ്ങുന്നതിനിടെ ഷാജി വഴിയില്‍ വെച്ച് ജീവനക്കാരനെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും തുടര്‍ന്ന് ഓട്ടോറിക്ഷകൊണ്ട് ഇടിച്ചിടുകയും ചെയ്തു. നിലത്ത് വീണ തന്റെ കാലിലൂടെ ഓട്ടോറിക്ഷയുടെ മുന്‍ചക്രം കയറ്റിയതായും ജയദേവന്‍ ആരോപിക്കുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ സഹജീവനക്കാര്‍ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയദേവന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.