‘ബാബറി തകര്‍ത്തപ്പോള്‍ അവര്‍ക്ക് നേരെ നിറയൊഴിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന് നേരെ അവര്‍ തോക്കുചൂണ്ടില്ലായിരുന്നു, സീസണല്‍ സമരങ്ങള്‍ക്ക് സംഘപരിവാറിനെ തകര്‍ക്കാനാകില്ല’ മുല്ലപ്പള്ളിക്ക് റഹീമിന്റെ മറുപടി

single-img
22 December 2019

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്ക് എതിരായി സിപിഐഎമ്മുമായി കൈകോര്‍ത്ത് സമരം ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ആലോചനകളെ എതിര്‍ത്ത കെപിസിസി പ്രസിജന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീം. കോണ്‍ഗ്രസിന്റെ സീസണല്‍ സമരങ്ങള്‍കൊണ്ട് സംഘപരിവാറിനെ പ്രതിരോധിക്കാനാകില്ലെന്നും ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍എസ്എസുകാര്‍ക്ക് നേരെ നിറയൊഴിച്ചിരുന്നു എങ്കില്‍ ഇന്ന് രാജ്യത്തിന് നേരെ അവര്‍ തോക്ക് ചൂണ്ടില്ലായിരുന്നു. വര്‍ഗീയ ഫാസിസത്തിന് എതിരായ സമരങ്ങളില്‍ ഇടവേളകളില്ല.വോട്ടിന് വേണ്ടി ഒച്ചവെക്കാതിരിക്കു. വോട്ടും തെരഞ്ഞെടുപ്പും ഇല്ലാത്ത കാലമാണ് വരാന്‍ പോകുന്നതെന്ന് ആ മുല്ലപ്പള്ളിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണമെന്നും റഹിം പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ റഹിം അഞ്ഞടിച്ചിരിക്കുന്നത്. നമ്മുടെ രാജ്യം സമരമുഖത്താണ്. കണ്ണ് തുറന്നുകാണു…താങ്കള്‍ മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും സമരത്തിന് സഹകരിക്കില്ലെന്ന് പറഞ്ഞു. പകരം കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തില്‍ ലോങ് മാര്‍ച്ച് നടത്തുമത്രേ. താങ്കള്‍ ഇത് പറയുമ്പോള്‍ കര്‍ണാടകയില്‍ സിപിഐ എംപി ബിനോയ് വിശ്വം അറസ്റ്റിലാണ്. നിങ്ങളുടെ രാജ്യസഭാംഗങ്ങളെ തെരുവുകളില്‍ കാണാനില്ല. രാഹുല്‍ഗാന്ധി വിദേശയാത്രയില്‍ . യെച്ചൂരിയും രാജയും പൊലീസ് കസ്റ്റഡിയിലാണെന്നും അദേഹം ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുലിന് പോലും കേരളത്തില്‍ വന്ന് മത്സരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു എന്നാണ് വാര്‍ത്തകള്‍.താങ്കളും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുമാണ് ഉത്തരേന്ത്യയില്‍ ബിജെപിക്ക് സുവര്‍ണാവസരം നല്‍കി രാഹുലിനെ വയനാട്ടിലേക്ക് നിര്‍ബന്ധിച്ച് ഇറക്കിയത്. ഉത്തരേന്ത്യയില്‍ ബിജെപി തൂത്തുവാരി. രാജ്യം പോയാലും കുഴപ്പമില്ല. കേരളത്തില്‍ ഇടതുപക്ഷം തോറ്റ് കാണണമെന്നേ താങ്കള്‍ക്കും അതിനായി കരുനീക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നുള്ളൂ.” റഹിമിന്റെ പോസ്റ്റ് പറയുന്നു.