എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിഷേധം പുകയുന്നു; നിസാര പ്രശ്‌നമല്ല, അന്താരാഷ്ട്ര സമൂഹം ഇടപെടണം: ഇമ്രാന്‍ ഖാന്‍

single-img
21 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം ഓരോദിവസവും ശക്തമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം പുകയുകയാണ് ഇത് തീരെ നിസാര പ്രശ്‌നമല്ലെന്നും അതീവ ഗൗരവതരത്തോടെ നോക്കി കാണണം എന്നും ഇമ്രാന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ ഖാൻ ആവശ്യപ്പടുന്നു. രാജ്യത്തെ ബഹുസ്വരത ആഗ്രഹിക്കുന്നവരാണ് ഇന്ത്യയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേപോലെതന്നെ ഇന്ത്യയിലെ സ്ഥിതിഗതികളെ അപലപിച്ച് മലേഷ്യല്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും നേരത്തെ രംഗത്തെത്തിയിരുന്നു. പക്ഷെ പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും മലേഷ്യ ഇടപെടേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മറുപടി നൽകുകയായിരുന്നു.