സോഷ്യൽ മീഡിയ പ്രചാരണങ്ങള്‍ വ്യാജം; ആധാർ, വോട്ടേഴ്സ് ഐഡി, പാസ്പോർട്ട് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ല

single-img
21 December 2019

നിലവിൽ പൗരന്മാരുടെ സ്ഥിരം തിരിച്ചറിയൽ രേഖകളായി പരി​ഗണിക്കുന്ന ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, പാസ്പോർട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഔദ്യോ​ഗിക അറിയിപ്പ് നൽകി. മേൽപ്പറഞ്ഞവയെ പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കുമെന്ന സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്നാണ് ഈ അറിയിപ്പ്.

ഈ രേഖകൾ യാത്രാരേഖകളോ ഇന്ത്യയിൽ താമസിക്കുന്നു എന്നതിന്റെ തെളിവായി സമർപ്പിക്കാവുന്ന രേഖകളോ മാത്രമാണെന്നാണ് അധികൃതർ അറിയിച്ചത്. ദേശീയ പൗരത്വബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്നതിന് വേണ്ടി പിന്നീട് സർക്കാർ ട്വീറ്റുകൾ പുറത്തിറക്കിയിരുന്നു. ഈ കൂട്ടത്തിൽ ജനനതീയതി, അല്ലെങ്കിൽ ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകൾ ഹാജരാക്കി ഇന്ത്യയുടെ പൗരത്വം തെളിയിക്കാൻ സാധിക്കും.

ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് ബുദ്ധിമുട്ടോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ചില പൊതുരേഖകൾ കൂടി ഹാജരാക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അതെ സമയം തിരിച്ചറിയൽ രേഖകളില്ലാത്ത നിരക്ഷരരായ ആളുകൾക്ക് അവരുടെ സമുദായങ്ങൾ സാക്ഷ്യപ്പെടുത്തുന്ന പ്രാദേശിക രേഖകളോ സാക്ഷികളെയോ ഹാജരാക്കാൻ സാധിക്കുമെന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു.

കേന്ദ്ര നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കൂടിയാലോചിച്ചാണ് തയ്യാറാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനിമുതൽ ആർക്കും ഇന്ത്യൻ‌ പൗരത്വം എളുപ്പത്തിൽ ലഭിക്കില്ല. ലഭിക്കണമെങ്കിൽ യോ​ഗ്യത തെളിയിക്കേണ്ടിവരും. പക്ഷെ ഇതിൽ ജനങ്ങളെ പുറത്താക്കുക എന്ന ലക്ഷ്യമില്ല, ജനങ്ങൾ ആശങ്കാകുലരാണ്. നിയമം എല്ലാവരെയും സംരക്ഷിക്കാൻ പര്യാപ്തമാണ്.