പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നില്‍

single-img
21 December 2019

കേന്ദ്ര സർക്കാർകൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കവേ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങളും ശക്തമാണ്. ജനങ്ങൾക്കൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം പോലീസുകാരും പങ്കെടുക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

കൈകളിൽ ‘നോ സിഎഎ, നോ എന്‍ആര്‍സി’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുന്ന പോലീസിനെയും ചിത്രത്തില്‍ കാണാം. നിയമത്തെ എതിര്‍ത്തു കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ മൂന്ന് പോസ്റ്ററുകളാണ് പോലീസുകാര്‍ കയ്യിലേന്തിയിട്ടുള്ളത്. സൂക്ഷ്മമായ പരിശോധനയില്‍ ഈ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് കണ്ടെത്തിയതായി ‘ബൂംലൈവ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 നവംബര്‍ അഞ്ചിന് ഡൽഹിയിലെ തീസ് ഹസാരി കോടതി വളപ്പില്‍ നടന്ന പൊലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ പോലീസ് ആസ്ഥാനത്ത് പോലീസുകാര്‍ നടത്തിയ സമരത്തിന്‍റെ ചിത്രമാണിത്. ഈ പ്രതിഷേധ വേദിയിൽ ഉയര്‍ത്തിയ പോസ്റ്ററുകളിലെ വാചകങ്ങള്‍ക്ക് പകരം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.