എന്‍ആര്‍സി നടപ്പാക്കിയാല്‍ അതില്‍ ഒപ്പുവക്കാത്ത ആദ്യത്തെ സംസ്ഥാനമാകും ഛത്തീസ്‍ഗഡ്: മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍

single-img
21 December 2019

കേന്ദ്രസർക്കാർ രാജ്യത്ത് എന്‍ആര്‍സി പ്രാവര്‍ത്തികമായാല്‍ അതില്‍ ഒപ്പുവക്കാത്ത ആദ്യത്തെ സംസ്ഥാനമാകും ഛത്തീസ്‍ഗഡ് എന്ന് സംസ്ഥാന മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍. നിയമം നടപ്പാക്കിയാൽ ഛത്തീസ്‍ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം തെളിയിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ ജനങ്ങളിൽ പൂര്‍വ്വികരില്‍ മിക്കവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വന്നിട്ടുള്ള നിരക്ഷരര്‍ ആയതിനാല്‍ രേഖകള്‍ കാണില്ലെന്നും റായ്‍പൂരില്‍ ഒരു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിൽ 1906 ല്‍ ആഫ്രിക്കയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ തിരിച്ചറിയല്‍ പദ്ധതിയെ മഹാത്മ ഗാന്ധി എതിര്‍ത്തത് പോലെ എന്‍ആര്‍സിയെ എതിര്‍ക്കണമെന്നും ഭൂപേഷ് ബാഗേല്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങൾ പൗരത്വം തെളിയിക്കാനായി നോട്ട് നിരോധനകാലത്ത് എടിഎമ്മിന് മുന്‍പില്‍ വരിയില്‍ നിന്നത് പോലെ നില്‍ക്കേണ്ടി വരുമെന്നും സംസ്ഥാനത്തെ 2.80 കോടി ജനങ്ങളിൽ പാതിയിലധികം പേര്‍ എന്‍ആര്‍സി അനുസരിച്ച് പൗരത്വം തെളിയിക്കാനാവാതെ പോകുമെന്നും ബാഗേല്‍ പറഞ്ഞു.

നിയമത്തിൽ പറയുന്ന പ്രകാരം 50മുതില്‍ 100 വരെ വര്‍ഷം പഴക്കമുള്ള രേഖകള്‍ ഇവര്‍ എവിടെ നിന്ന് കൊണ്ടുവരണമെന്നും ബാഗേല്‍ ചോദിക്കുന്നു. യാതൊരു ആവശ്യവുമില്ലാത്ത ഭാരമാണ് ഇത് മൂല് ജനങ്ങള്‍ക്ക് സഹിക്കേണ്ടി വരികയെന്നും ബാഗേല്‍ പറഞ്ഞു.