തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

single-img
20 December 2019

എന്‍സിപിയുടെ നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി (72) അന്തരിച്ചു. ഇദ്ദേഹം അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ തോമസ് ചാണ്ടി പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.

അര്‍ബുദബാധ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു.സമീപ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. എന്നാൽ ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു.സംസ്ഥാന നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്.

ഗൾഫിലെ കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന സംരഭങ്ങളെല്ലാം. വിദ്യാർത്ഥിയായിരിക്കെ കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ തോമസ് ചാണ്ടി 1970ൽ കെ എസ് യു കുട്ടനാട് യൂണിറ്റിന്റെ അധ്യക്ഷനായെങ്കിലും താമസിയാതെ രാഷ്ട്രീയം വിട്ട് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് 1996ഓടുകൂടിയാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായത്.