മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് തടഞ്ഞു; മംഗളുരുവിൽ പ്രതിഷേധം തുടരുന്നു

single-img
20 December 2019

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഇപ്പോഴും തുടരുന്ന മംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ പോലീസ് മംഗളുര വിമാനത്താവളത്തില്‍ തടഞ്ഞു.

മംഗളൂരുവിൽ പ്രക്ഷോഭകരുടെ പോലീസ് വെടിവെപ്പുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന സർക്കാർ യാത്രയ്ക്കായി വിമാനാനുമതി റദ്ദാക്കിയെന്നും രമേശ് കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും എംഎല്‍യും മുന്‍ മന്ത്രിയുമായ കൃഷ്ണ ബൈറെ ഗൗഡ പറഞ്ഞു.

കഴിഞ ദിവസം മംഗളൂരുവിൽ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. കർണാടകയുടെ മുന്‍ സ്പീക്കര്‍ കെആര്‍ രമേശ്, ബസവരാജ് രായറെഢി, എംബി പാട്ടീല്‍, നസീര്‍ അഹമ്മദ്, എസ് ആര്‍ പാട്ടീല്‍, വിആര്‍ ഉഗ്രപ്പ എന്നിവരായാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇതിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ‘ബിജെപി നടത്തുന്ന ഗൂഢാലോചനയുടെ ഫലമായി, ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാരിന്റെ കഴിവുകേട് കാരണം രണ്ട് പേര്‍ ഇന്നലെ മംഗ്‌ളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഞങ്ങൾ അവര്‍ക്ക് അനുശോചനം അറിയിക്കുന്നു.’ പ്രതിഷേധക്കാര്‍ സമാധാനപരമായിരിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.