ഞങ്ങള്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയും അച്ചടക്കവും കൊണ്ടുവന്നു; ഈ മാന്ദ്യ കാലത്തെയും ഇന്ത്യ മറികടക്കും: പ്രധാനമന്ത്രി

single-img
20 December 2019

ഇപ്പോൾ കടന്നുപോകുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യ കരുത്തരായി തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് ഡൽഹിയിൽ നടന്ന അസോചം 100 വർഷം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ കാലം ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന -സാമ്പത്തിക ശക്തിയെന്ന പേരിനുടമയായിരുന്ന ഇന്ത്യക്ക് ആറ് വർഷത്തെ ഏറ്റവും മോശം വളർച്ചാ നിരക്കാണ് ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിൽ അവസാനിച്ച പാദത്തിൽ ഉണ്ടായത്.

“ഇതുപോലുള്ള കയറ്റവും ഇറക്കവും മുൻപും ഇന്ത്യ നേരിട്ടതാണ്. അപ്പോഴൊക്കെ ഓരോ തവണയും ഇന്ത്യ കരുത്തരായി തിരികെ വരികയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മാന്ദ്യ കാലവും ഉറച്ച ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഇന്ത്യ മറികടക്കും,” മോദി പറഞ്ഞു.

“അഞ്ച്-ആറ് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്തി അതിനെ സ്ഥിരതയിലേക്ക് എത്തിക്കുക മാത്രമല്ല ചെയ്തത്, അച്ചടക്കവും കൊണ്ടുവന്നു. രാജ്യത്തെ വ്യവസായ രംഗത്തിന്റെ പതിറ്റാണ്ട് നീണ്ട ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.

ഓരോ തവണയുമുള്ള തളർച്ചയിൽ നിന്നും കൂടുതൽ കരുത്തോടെയാണ് ഇന്ത്യ ശക്തിയാർജ്ജിച്ചതെന്ന് രാജ്യത്തെ കോർപ്പറേറ്റ്, ബാങ്കിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ധൈര്യത്തോടെ തീരുമാനമെടുത്ത് തുറന്ന മനസോടെ ഇവിടെ നിക്ഷേപിക്കൂ. പണം ചിലവഴിക്കാനും സന്നദ്ധരാകൂ,” മോദി ആഹ്വാനം ചെയ്തു.