മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

single-img
20 December 2019

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഇവരെ പോലീസ് വാനിൽ കയറ്റിയാണ് കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്.

ഇതോടൊപ്പം ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിടെ എട്ടരയോടെയാണ് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവിൽ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാൻ പോലീസ് തയ്യാറായത്.

മംഗളൂരുവിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ പോലീസ് നടപടിക്കിടെ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. തങ്ങൾ യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും ക്രിമിനൽ കേസിൽ പെട്ട പ്രതികളോടെന്ന പോലെയാണ്പോലീസ് പെരുമാറിയതെന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജിബ് റഹ്മാനും ക്യാമറാമാൻ പ്രതീഷ് കപ്പോത്തും പ്രതികരിച്ചു.

ഇവരോട് തിരിച്ചറിയൽ കാര്‍ഡ് കാണിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർ അക്രഡിറ്റേഷൻ കാര്‍ഡ് അടക്കമുള്ള രേഖകൾ കാണിച്ചിട്ടും അത് വ്യാജമാണെന്ന വാദമാണ് കര്‍ണാടക പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിലവിൽ മാധ്യമ പ്രവര്‍ത്തകരെ എല്ലാവരെയും വിട്ടയച്ചെങ്കിലും മീഡിയാ വൺ വാഹനം ഇപ്പോഴും മംഗളൂരു പോലീസിന്‍റെ കസ്റ്റഡിയിലാണ്.