ഉന്നാവ് പീഡനം; ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം

single-img
20 December 2019

ഉന്നാവ് ഉന്നാവോ പീഡന കേസില്‍ ബിജെപി നേതാവായ കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം. കേസ് പരിഗണിച്ച ദല്‍ഹി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇദ്ദേഹത്തിന് ഒരു മകളുണ്ടെന്നും മകളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് കണ്ടെത്തുന്നത് അദ്ദേഹമാണെന്നും അതിനാല്‍ വലിയ പിഴ ചുമത്തിയാലും ശിക്ഷ ചുമത്തിയാലും അത് ആ മകളോടുള്ള നീതി നിഷേധമാകുമെന്നുമായിരുന്നു സെന്‍ഗറിന്റെ അഭിഭാഷകന്‍ വാദിച്ചത്. പക്ഷെ കോടതി ഈ വാദമെല്ലാം തള്ളുകയായിരുന്നു.

പോക്‌സോ നിയമത്തിലെ അഞ്ച് ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്. ഇതിന് പുറമെ മറ്റ് വകുപ്പുകളിലുമായി തടവ് ശിക്ഷയുമുണ്ട്. നിലവിൽ പെണ്‍കുട്ടിയ്ക്ക് ഭീഷണി നേരിടുന്നതിനാല്‍ പോലീസ് സുരക്ഷയും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിധിയോടെ സെന്‍ഗറിന്റെ നിയമസഭാ സാമജികത്വം നഷ്ടമാകും. തുടർന്നും കേസില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

2017ലായിരുന്നു പ്രായപൂർത്തിയാകാത്ത പരാതിക്കാരിയായ പെണ്‍കുട്ടിയെ സെന്‍ഗര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. ഈ കേസില്‍ സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. അതേസമയം കൂട്ടുപ്രതി ശശി സിങ്ങിനെ വെറുതെ വിട്ടു.

കോടതിയിൽ കേസ് നടക്കവേ ഇരയായ പെണ്‍കുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കാറിടിച്ച് കൊലപ്പെടുത്താന്‍ അടുത്തിടെ ശ്രമം നടന്നിരുന്നു. ട്രക്ക് അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.