കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ഉഷ്ണരാശി മികച്ച നോവല്‍

single-img
20 December 2019

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച നോവലായി കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ തെരഞ്ഞെടുത്തു. അതേപോലെ തന്നെ സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ഒഎം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

60വയസ് പൂർത്തിയായ സാഹിത്യകാരന്മാരെയാണ് സമഗ്രസംഭാവന പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. ഈ വിഭാഗത്തിൽ 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. എം മുകുന്ദനും കെജി ശങ്കരപ്പിള്ളക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കവിതാ വിഭാഗത്തിൽ വിഎം ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ മാനാഞ്ചിറ എന്ന ചെറുകഥയ്ക്കാണ്. 25000 രൂപയും സാക്ഷപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.