പൗരത്വഭേദഗതി പ്രക്ഷോഭകരെ നേരിടാനെത്തിയ പൊലീസിന് പനിനീര്‍പ്പൂവ് നീട്ടി പെണ്‍കുട്ടി; പ്രതിഷേധം വൈറല്‍

single-img
19 December 2019

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമെങ്കും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രക്ഷോഭകരെ ജലപീരങ്കിയും ലാത്തിയും അടക്കമുള്ള മുറകളിലൂടെ പൊലീസ് നേരിടുകയും ചെയ്യുന്നു.എന്നാല്‍ പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായി പ്രതികരിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവരെ ലാത്തിക്കൊണ്ട് നേരിടാനെത്തിയ പൊലീസ് സേനാംഗത്തിന് നേരെ സമരം ചെയ്യാനെത്തിയവരില്‍ ഒരു പെണ്‍കുട്ടി ചുവന്ന റോസാപ്പൂ നീട്ടുന്നതാണ് ആ ചിത്രം.

ആ ഒരു നിമിഷത്തില്‍ സ്തംബ്ധരായി ചുറ്റുമുള്ള പൊലീസുകാര്‍ പെണ്‍കുട്ടിയെ ചെറുചിരിയോടെ നോക്കിനില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ ആ പെണ്‍കുട്ടിയുടെ കൈയ്യിലുള്ള പ്ലക്കാര്‍ഡില്‍ പൗരത്വഭേദഗതിക്കെതിരെ ചുരുങ്ങിയ വാക്കുകളില്‍ കുറിക്കുക്കൊള്ളുന്ന മുദ്രാവാക്യങ്ങളും കാണാം. അത് ഇങ്ങിനെയാണ്’ അച്ഛന്‍ വിചാരിക്കുന്നത് താന്‍ ചരിത്രം പഠിക്കുകയാണ് എന്നാണ്, എന്നാല്‍ താന്‍ ചരിത്രം സൃഷ്ടിക്കുകയാണെന്ന് അദേഹത്തിന് അറിയില്ലല്ലോ?’ എന്നായിരുന്നു പ്ലക്കാര്‍ഡില്‍ കുറിച്ചിട്ടുള്ളത്. പ്രക്ഷോഭകരെ ക്രൂരമായ രീതിയിലാണ് പൊലീസ് രാജ്യവ്യാപകമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ജാമിഅ ,മദ്രാസ് യൂനിവേഴ്‌സിറ്റികളിലടക്കം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്.