വൈറലായി മേതിൽ സതീശന്റെ പാചക കവിതകൾ

single-img
19 December 2019

പാലക്കാടൻ രുചിവൈഭവങ്ങളലിൽ തനി നാടൻ വിഭവമാണ് തറവാട്ടുപുളി അഥവാ മുളകുവറുത്തപുളി.  ഈ നാട്ടു വിഭവത്തിന്റെ പാചകവിധിയും വിശേഷവും ചുരുങ്ങിയ വരികളിൽ സരസമായി അവതരിപ്പിക്കുന്ന മേതിൽ സതീശന്റെ ‘മൊളകോർത്തപുളി’എന്ന ചെറുകവിത വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നു.  

വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നൂറുക്കണക്കിന് ഗ്രൂപ്പുകളിലാണ് പാലക്കാടൻ ഗൃഹാതുരത്വം ഉണർത്തുന്ന ഇഷ്ടവിഭവത്തെക്കുറിച്ചുള്ള കവിത പങ്കുവയ്ക്കപ്പെട്ടത്.  കൂടാതെ, സതീശൻ എഴുതിയ ഇഞ്ചിപ്പുളി, രസം, അവിയൽ, മുളകൂഷ്യം, ഓലൻ, മനോഹരം, തുടങ്ങിയ പാചകകവിതകളും ഇതിനോടകം കവിതയിൽ കാണുന്ന പുതിയ പ്രവണത എന്നനിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. .

നിരവധി പാലക്കാടൻ ഗ്രാമങ്ങളെയും ബിംബങ്ങളെയും പ്രതിപാദിക്കുന്ന  മേതിൽ സതീശന്റെ പാലക്കാടൻ കവിതയും, കേരളത്തിലെ ജില്ലകളെ മുഴുവൻ  പരാമർശിക്കുന്ന  കേരളീയം  എന്ന  കവിതയും നേരത്തേ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.   ഒരു ഗായകൻ കൂടിയായ സതീശൻ ജോലിചെയ്യുന്നത് ദുബായിലാണ്.  ‘കോലുമിട്ടായി’ എന്ന കവിതാസമാഹാരത്തിനു പുറമെ നിരവധി സംഗീത ആൽബങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ചിട്ടുണ്ട്.