നാലാമതും പെണ്‍കുഞ്ഞ് പിറന്നു;മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ് ആത്മഹത്യചെയ്തു

single-img
19 December 2019

ഗുജറാത്ത്: ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മംനല്‍കിയതില്‍ നിരാശനായ പിതാവ് മൂന്ന് പെണ്‍മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം സ്വയം ജീവനൊടുക്കി. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ കംബാലിയ ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. റാസിക് സൊലാകി എന്ന മുപ്പത്തിയഞ്ചുകാരനാണ് ഈ കൃത്യം ചെയ്തത്. ഫാമിലെ തൊഴിലാളിയായ റാസിക് സൊലാകിയ്ക്കും ഭാര്യയ്ക്കും മൂന്ന് മക്കളും പെണ്‍കുട്ടികളാണ്.മൂന്നും അഞ്ചും ഏഴും വയസുള്ള പെണ്‍കുട്ടികളായിരുന്നു ഇവര്‍. എന്നാല്‍

നാലാമത് പിറക്കാനിരിക്കുന്നത് ആണ്‍കുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാള്‍. എന്നാല്‍ ഇയാള്‍ക്ക് വീണ്ടും പെണ്‍കുഞ്ഞ് തന്നെ പിറന്നു. ഇതില്‍ നിരാശനായ റാസിക് സൊലാകി മൂന്ന് പെണ്‍മക്കള്‍ക്കും ഫ്രൂട്‌സും മധുരപലഹാരങ്ങളുമൊക്കെ നല്‍കിയ ശേഷം കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ഇതേസമയം തന്നെ അയാള്‍ വിഷം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷം പ്രതീക്ഷിച്ചപ്പോലെ ഫലം കാണാതെ വന്നപ്പോള്‍ തൂങ്ങമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടുത്ത ദാരിദ്ര്യവും നാല് പെണ്‍കുട്ടികള്‍ പിറന്നതുമാണ് ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ ക്രൂരകൃത്യം നടക്കുമ്പോള്‍ സോളങ്കിയുടെ ഭാര്യയും നവജാതശിശുവും വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.