ജാമിയ മിലിയ; ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി മാറ്റി; പ്രതിഷേധവുമായി അഭിഭാഷകര്‍

single-img
19 December 2019

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ജാമിയ മിലിയ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനും പോലീസിനും ഹൈക്കോടതി നോട്ടീസയച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലാണ് വിശദീകരണം തേടി നോട്ടീസയച്ചിരിക്കുന്നത്.അതേസമയം തന്നെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി.

സാഹചര്യം പരിഗണിച്ചുകൊണ്ട് ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു. കോടതിയുടെ തീരുമാനം അറിഞ്ഞ അഭിഭാഷകര്‍ കോടതിയില്‍ ബഹളം വച്ചു. ഷെയിം ഷെയിം മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു അഭിഭാഷകര്‍.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് മാറ്റിവച്ചത്. ഹൈക്കോടതിയിൽ ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സർവകലാശാലയിൽ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം അഴിച്ചുവിടും മുമ്പ് പോലീസ് അറിയിപ്പൊന്നും നല്കിയിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ലൈബ്രറിക്കുള്ളിൽ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു പോലും മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ അത് കോടതി ഇടപെടേണ്ട വിഷയമാണ്. സംഭവത്തിൽ ഏതൊക്കെ പോലീസ് സ്റ്റേഷനുകള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയില്ല. ആരൊക്കെയാണ് സര്‍വ്വകലാശാലയ്ക്കുള്ളില്‍ കടന്നെന്നും അറിയില്ല. ഈ കാര്യങ്ങളെല്ലാം അന്വേഷിക്കേണ്ടതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.