ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിയന്ത്രണം മാതൃകാപരം; അനുകൂലിച്ച് ചൈനീസ് മാധ്യമം

single-img
19 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇന്റർനെറ്റ് നിരോധിച്ച ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച് ചൈനീസ് മാധ്യമങ്ങൾ. ചൈനയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്‌ലിയിൽ വന്ന ലേഖനത്തിൽ ഇന്ത്യയിലെ ഇന്റര്‍നെറ്റ് നിരോധനത്തെ അനുകൂലിക്കുന്ന പരാമർശം നടത്തിയത്. ഇന്ത്യ ചെയ്ത ഇന്റര്‍നെറ്റ് നിയന്ത്രണത്തെ മാതൃകാപരമെന്നാണ് ഈ മാധ്യമത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

‘പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാൻ അസം, മേഘാലയ സംസ്ഥാനങ്ങളിൽ ഇന്ത്യ ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നു. സ്വയംഭരണമുള്ള രാജ്യങ്ങളിൽ അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള സ്വാഭാവിക മാർഗ്ഗമായി ഈ നടപടിയെ കാണാം’ എന്നായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജിഹ്വയായ പീപ്പിൾസ് ഡെയ്‌ലിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്.

അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഇന്റര്‍നെറ്റിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ രാജ്യവ്യാപകമായി മാറിയിരിക്കുകയാണ്. ജനങ്ങൾക്കൊപ്പം പ്രതിഷേധനത്തിന് പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നതോടെ പ്രതിഷേധത്തിന്റെ ആക്കം കൂടി.