പൗരത്വ ഭേദഗതിയെ സിപിഎം അനുകൂലിച്ചെന്ന് ബിജെപി; വ്യാജപ്രചരണമെന്ന് പി ബി

single-img
19 December 2019

ഡല്‍ഹി: പൗരത്വ ഭേദഗതിയെ സിപിഎം അനുകൂലിച്ചെന്ന ബിജെപിയുടെ വാദത്തെ എതിര്‍ത്ത് സിപിഎം പൊളിറ്റ് ബ്യൂറോ.കാര്യങ്ങള്‍ വളച്ചൊടിച്ച് ബിജെപി വ്യാജ പ്രചാരണം നടത്തുകയാണ്. മുസ്ലീം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കരുതെന്ന് ഒരു കാലത്തും വാദിച്ചിട്ടില്ലെന്ന് പിബി പറഞ്ഞു.

2012 മേയ് 22-ന് അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനയച്ച കത്ത് ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. ബംഗ്ലാദേശില്‍നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ഉദാരസമീപനം പുലര്‍ത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കണമെന്നതിനര്‍ഥം ഭൂരിപക്ഷത്തിനു നല്‍കേണ്ട എന്നല്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കത്ത് ഉയര്‍ത്തിക്കാട്ടി ടെലിവിഷന്‍ ചര്‍ച്ചകളിലും സാമൂഹികമാധ്യമങ്ങളിലും ബിജെപി പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് പിബി വിശദീകരണമിറക്കിയത്.