ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം; ഡിവൈഎഫ്ഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ ജലപീരങ്കി

single-img
19 December 2019

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ദേശീയ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയടക്കമുള്ള ഇടതുനേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

രാജ്ഭവനിലേക്ക് കടക്കാതിരിക്കാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ജലപീരങ്കി പ്രയോഗിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. തൊട്ടു പിന്നാലെ എസ്എഫ്ഐയുടെ നേതൃത്വത്തിലും രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

ഈ പ്രതിഷേധത്തിന് നേർക്കും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.