പൗരത്വഭേദഗതി നിയമം: നിരോധനാജ്ഞ മറികടന്ന് തെരുവുകളില്‍ ജനങ്ങള്‍ സംഘടിച്ചതോടെ മംഗ്‌ളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

single-img
19 December 2019

ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇനിയുള്ള രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മുൻപ് മംഗ്‌ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇത് ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നിലവിൽ മംഗ്‌ളൂരു പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു ആദ്യം പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. അതേസമയം നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്.

ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അസമില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേധിച്ചിരുന്നു. എന്നാൽ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.