ജനങ്ങൾക്ക് എന്തും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്; ബിജെപി സർക്കാർ ആ പരിധിയൊക്കെ കടന്നിരിക്കുന്നു: അരുന്ധതി റോയ്

single-img
19 December 2019

ജനങ്ങൾക്ക് എന്തും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. ബിജെപി സർക്കാർ ആ പരിധിയൊക്കെ കടന്നിരിക്കുന്നു എന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദില്ലിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയി. രാജ്യത്തിന്റെ ഭരണഘടനയെ ബിജെപി സര്‍ക്കാര്‍ ഐസിയുവില്‍ കയറ്റിയെന്ന് അവർ വിമർശിച്ചു.

“മുൻപ് നോട്ടുനിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് സര്‍ക്കാര്‍ തകര്‍ത്തു. ആ സമയം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ഐസിയുവിലാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത്. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ഭരണഘടനയെ സര്‍ക്കാര്‍ ഐസിയുവില്‍ കയറ്റി.”- അരുന്ധതി റോയ് പറഞ്ഞു.

ഇന്ത്യയിലുള്ള മുസ്ലീങ്ങള്‍, ദളിത്, ക്രിസ്‍ത്യന്‍സ്, ബുദ്ധിസ്റ്റ്, ഹിന്ദുക്കള്‍,ഒബിസി, കര്‍ഷകര്‍,ജോലിക്കാര്‍, എഴുത്തുകാര്‍ തുടങ്ങി എല്ലാവരും ഫാസിസത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവിടെ അണിനിരക്കുകയാണ്. ഇവരിൽ എത്രപേരെ, എത്രകാലത്തേക്കാണ് ഇവര്‍ അടിക്കാന്‍ പോകുന്നത്. ഈ നിയമം മുസ്ലീങ്ങള്‍ക്കെതിരെ മാത്രമല്ല, പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും എതിരാണ്.

എത്രയധികം ആളുകള്‍ക്ക് ഇതിനെതിരെ കോടതിയില്‍ പോകാനും രേഖകള്‍ ഹാജരാക്കാന്‍ കഴിയുമെന്നും അരുന്ധതി ചോദിച്ചു. നമ്മുടെ പ്രധാനമന്ത്രിക്ക് പോലും അദ്ദേഹത്തിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റോ, ജനന സര്‍ട്ടിഫിക്കിറ്റോ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ? – അരുന്ധതി ചോദിക്കുന്നു.