സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നേതാക്കളുടെ മനപൂര്‍വ്വ ശ്രമമെന്ന് മമത; പശ്ചിമബംഗാളില്‍ ബിജെപി എംപിമാര്‍ അറസ്റ്റില്‍

single-img
18 December 2019

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പൗരത്വഭേദഗതിക്ക് എതിരായി പ്രതിഷേധം കത്തുകയാണ്. ഇതിനിടെ മാല്‍ഗഡയും മുര്‍ഷിദാബാദും സന്ദര്‍ശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തെ പൊലീസ് തടയുകയും രണ്ട് എംപിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് പോകാന്‍ ശ്രമിച്ചതിനാണ് ബിജെപി എംപിമാരായ നിഷിത് പ്രമാണിക്,ഖഗന്‍ മുര്‍മുര്‍മു എന്നിവരെ പശ്ചിമബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസമായി എന്‍ഡിഎ സര്‍ക്കാരിന് എതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാലുദിവസമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്ന സാഹചര്യത്തിലാണ് ബിജെപി സംഘം സ്ഥലം സന്ദര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ചത്.

എന്നാല്‍ ഇത് വീണ്ടും കടുത്ത സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്നതിനാലാണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.മുര്‍ഷിദാബാദില്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി ദേശീയജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ജിയ,സൗമിത്രഖാന്‍ എംപി എന്നിവരടങ്ങുന്ന നേതാക്കളുടെ സംഘത്തെയും പൊലീസ് തടഞ്ഞിട്ടുണ്ട്. മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ബിജെപിനേതാക്കളുടെ ശ്രമമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. എന്തുവന്നാലും തന്റെ സംസ്ഥാനത്ത് എന്‍ആര്‍സിയോ പൗരത്വഭേദഗതിയോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു.