പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് തട്ടമിട്ട ചിത്രം പങ്കുവച്ച് നടി അനശ്വര രാജന്റെ പ്രതിഷേധം; കയ്യടിച്ച് സോഷ്യല്‍ മീഡിയ

single-img
18 December 2019

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍, പ്രതിഷേധക്കാരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ട പൊലീസ് നടപടിക്കു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിഷേധം.

സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്പേരാണ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതികരണവുമായെത്തിയത്. അക്കൂട്ടത്തില്‍ വ്യത്യസ്ഥ പ്രതികരണവുമായെത്തിയിരിക്കുക യാണ് നടി അനശ്വര രാജന്‍. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച്‌ തട്ടമിട്ട ചിത്രവും ഉള്‍പ്പെടുത്തിയാണ് അനശ്വരയുടെ പ്രതിഷേധം. എവിടെ, ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.

മലയാള സിനിമാരംഗത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളെ വേര്‍തിരിക്കുന്ന ഇത്തരം നടപടികളെ തള്ളിക്കളയണമെന്നാണ് നടന്‍ മമ്മൂട്ടി പ്രതികരിച്ചത്. പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ മുന്‍നിര താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഡല്‍ഹിയിലെ പോലീസ് അതിക്രമത്തെ എതിര്‍ക്കുകയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തിരുന്നു.