ഇവന്മാർക്കൊന്നും ഒരു കോമൺസെൻസ് ഇല്ലെടാ: ഷെയ്ൻ നിഗം നായകനാകുന്ന വലിയ പെരുന്നാളിന്റെ കിടിലൻ ട്രെയിലർ

single-img
16 December 2019

ഷെയ്ന്‍ നിഗത്തിന്റെ ക്രിസ്മസ് റിലീസ് ചിത്രമായ വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍പ്പികമാണെന്ന് വ്യക്തമാക്കിയുളള ട്രെയിലര്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുളള നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തെ ട്രോളുന്നത് കൂടിയാണ്.

“ലഹരി ഉപയോഗിക്കണ ഒരുത്തനും എന്റൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുളളതല്ലേ’ എന്ന് ചോദിച്ച് ഷെയ്‌ന്റെ കഥാപാത്രം സംഘട്ടനത്തിലേര്‍പ്പടുന്നത് അടക്കം ഏറെ രസകരമാണ് ട്രെയിലര്‍.

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാൻസർ ആയാണ് ഷെയ്ൻ എത്തുന്നത്. ഷെയ്‌നിനെ കൂടാതെ വിനായകന്‍, അതുൽ കുർക്കർണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

ഡിമലിനൊപ്പം തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകൻ റെക്സ് വിജയൻ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.