മോദി ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവ്;വിദ്യാര്‍ഥി പ്രതിഷേധത്തെ തുണച്ച് മോദിക്കെതിരെ സോണിയ.

single-img
16 December 2019
Modi govt. has become creator of violence, divisiveness, says Sonia Gandhi

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെത്തുടര്‍ന്ന് രാജ്യത്തുണ്ടായ ആക്രമസംഭവങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി.ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസര്‍ക്കാര്‍ സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സോണിയ ആരോപിച്ചു. ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്ന കാര്യം വ്യക്തമാണെന്ന് സോണിയാ ഗാന്ധി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് സത്ഭരണത്തിലൂടെ സമാധാനവും സഹവര്‍ത്തിത്വവും നിലനിറുത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. എന്നാല്‍ സ്വന്തം ജനതയ്ക്കു മേല്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാരെന്നും സോണിയ ഗാന്ധി ആരോപിച്ചു.പൗരത്വ ബില്ലിനെതിരെ ഉയര്‍ന്നുവരുന്ന വിദ്യാര്‍ഥി പ്രതിഷേധം മാറ്റത്തിന്‍റെ തുടക്കമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

ജാമിയ മിലിയ അടക്കമുള്ള ക്യാംപസുകളിൽ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ഇന്ത്യ ഗേറ്റിനു മുന്നിൽ ധർണ നടത്തി. വൈകിട്ട് നാല് മുതൽ ആറ് വരെയായിരുന്നു ധർണ. രാജ്യത്തിന്റെ ആത്മാവായ യുവാക്കൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മോദിയുടെ ഏകാധിപത്യം അംഗീകരിക്കാനാകില്ല. കോളേജിനുള്ളിൽ കയറി വിദ്യാർഥികളെ മർദിച്ചതിനെ പ്രിയങ്ക അപലപിച്ചു. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ തുടങ്ങിയവരും പ്രിയങ്കയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു . വിദ്യാര്‍ഥികള്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ പൊലീസ് പട്ടേല്‍ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ്ഭവന്‍ മെട്രോസ്റ്റേഷനുകള്‍ പൊലീസ് അടച്ചിട്ടു.