തങ്ങളുടെ സ്ഥലത്തെത്തി ബിരിയാണി വിറ്റെന്നാരോപണം; യുപിയില്‍ ദളിത്‌ യുവാവിന് ക്രൂര മര്‍ദ്ദനം

single-img
15 December 2019

യുപിയിലെ ​ഗ്രേറ്റർ നോയിഡയിൽ തങ്ങളുടെ സ്ഥലത്തെത്തി ബിരിയാണി വിറ്റെന്നാരോപിച്ചുകൊണ്ട് ദളിത് യുവാവിനെ മൂന്നംഗ സംഘം ക്രൂരമർദ്ദനത്തിനിരയാക്കി. 43കാരനായ ലോകേഷാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ചുമരോട് ചേർത്ത് പിടിച്ച് മുഖത്ത് അക്രമിസംഘം നിർത്താതെ ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ നിന്നും 66 കിമി മാറി റാബുപുര എന്ന സ്ഥലത്തുവച്ച് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിനെ അക്രമികൾ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ഒപ്പം ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

ലോകേഷിനെ ആക്രമിക്കുന്നത് കണ്ട സഹപ്രവർത്തകർ‌ ഭയന്ന് പിൻമാറുന്നതും വീഡിയോയിൽ കാണാം. ഇവർ ബിരിയാണി കച്ചവടം നടത്തിയ പ്രദേശത്ത് ബിരിയാണി വില്‍ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് അക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. നിലവിൽ സംഭവത്തിൽ മൂന്നം​ഗസംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും അപ്പോൾ തന്നെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗ്രേറ്റര്‍ നോയിഡ എസ്പി രണ്‍വിജയ് സിംഗ് പറഞ്ഞു. അക്രമത്തിനെതിരെ ഇന്ത്യക്കാരായ നമുക്ക് ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ ഊര്‍മ്മിള മതോണ്ഡ്കർ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

https://www.timesnownews.com/videos/times-now/india/video-of-dalit-youth-thrashed-for-selling-biryani-in-greater-noida/48391