വേണ്ടത് വിശാലമായ ജനകീയ ഐക്യം: ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎം

single-img
15 December 2019

പൗരത്വ നിയമഭേദഗതിക്കെതിരെ ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സിപിഐ എം. ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌ വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ചില സംഘടനകൾ മാത്രം ഹർത്താൽ നടത്തുന്നത് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന്‌ സമമാണ്. ജനങ്ങളുടെ വിപുലമായ യോജിപ്പ്‌ വളര്‍ത്താന്‍ താത്‌പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളില്‍ നിന്ന്‌ പിന്തിരിയണമെന്നും സിപിഎം പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തു കൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌.ഡിസംബര്‍ 19-ന്‌ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ടെന്നും സിപിഎം അറിയിച്ചു.

കേന്ദ്ര ബി.ജെ.പി. ഗവണ്‍മെന്റിന്റെ പൗരത്വഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്ക്‌ ആഘാതമേല്‍പ്പിക്കുന്നു. അത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയുടെ നിഷേധമാണ്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വര്‍ഗ്ഗീയ വിഭജനമാണ്‌. അതുവഴി രാഷ്ട്രീയ നേട്ടുമുണ്ടാക്കാമെന്ന ആര്‍.എസ്‌.എസ്‌-ബി.ജെ.പി വര്‍ഗ്ഗീയ കണക്കുകൂട്ടല്‍ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന്‌ അന്ത്യം കുറിക്കുന്നതിലേക്കാണ്‌ ചെന്നെത്തുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.