ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിക്കാൻ ജെഎൻയു വിദ്യാർത്ഥികള്‍; ഇടപെടണമെന്ന് ലഫ്. ഗവർണറോട് കെജ്‍രിവാൾ

single-img
15 December 2019

പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രാജ്യ തലസ്ഥാനമായ ഡൽഹിയിലും വ്യാപിക്കുന്നു. സംസ്ഥാനത്തെ ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്. നാല് മെട്രോ സ്റ്റേഷനുകകളും അടച്ചുപൂട്ടി. അതേസമയം, ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് നടപടികളിൽ പ്രതിഷേധവുമായി ഇന്ന് രാത്രി തന്നെ പോലീസ് ആസ്ഥാനം ഉപരോധിക്കാൻ ജെ എൻയു വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇതിനായി ജെഎൻയുവിന് അകത്തുള്ള സബർമതി ധാബയിൽ എത്തിച്ചേരാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടകരമായ സ്ഥിതിയിലേക്ക് പോകുന്ന ക്രമസമാധാനം ശാന്തമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനത്തെ ലഫ്. ഗവർണ്ണറോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ആക്രമണം എന്ന നിലയിലേക്ക് മാറാതിരിക്കാനുള്ള സാധ്യമായ നടപടികൾ എല്ലാം സ്വീകരിക്കുമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് നാല് കിലോ മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍രണ്ട് വിദ്യാർത്ഥികൾക്ക് പോലീസിന്റെ വെടിയേറ്റതായി അഭ്യൂഹങ്ങൾ ഉയര്‍ന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.