ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിമറി?; ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ ചേരുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്

single-img
15 December 2019

ഇന്ത്യയിൽ നടന്ന അവസാന ലോക്സഭാ തെരഞ്ഞെടുപ്പിൽ ധാരാളം പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടു കണക്കുകളില്‍ തിരിമറി ആരോപിച്ചിരുന്നതിനെ ശരിവെക്കുന്ന രീതിയിൽ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ പുതിയ പഠനം പുറത്തുവന്നു. രാജ്യത്താകെയുള്ള 542 ലോക്‌സഭ മണ്ഡലങ്ങളില്‍ 347 ലോക്‌സഭ മണ്ഡലങ്ങളിലെ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ ചേരുന്നില്ലെന്ന് പഠനം പറയുന്നു.

അതായത് വിജയിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ വലുതാണ് ചിലയിടങ്ങളിലെ വോട്ട് വ്യത്യാസം. ഏതാണ്ട് ഒരു ലക്ഷം വോട്ടുകളുടെ വ്യത്യാസം വരെയുണ്ട് ചില മണ്ഡലങ്ങളില്‍. വെറും195 മണ്ഡലങ്ങളില്‍ മാത്രമാണ് വോട്ടുകളുടെകണക്കുകള്‍ ചേരുന്നതെന്നും പഠനം പറയുന്നു.

രാജ്യത്തെ 347 മണ്ഡലങ്ങളില്‍ ഒരു വോട്ട് മുതല്‍ 1,01,323 വോട്ടിന്റെ വരെ വ്യത്യാസമാണ് പഠനത്തിൽ കണ്ടെത്തിയത്. ആന്ധ്രയിലെ ഗുണ്ടൂര്‍ മണ്ഡലത്തില്‍ തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ ഗല്ല ജയദേവ് വിജയിക്കുന്നത് 4205 വോട്ടുകള്‍ക്കാണ്. ഇവിടെ എന്നാൽ കണക്കുകളില്‍ വ്യത്യാസം 6982 വോട്ടുകളാണ്.

അതേപോലെ വിശാഖപട്ടണം മണ്ഡലത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംവിവി സത്യനാരായണ വിജയിക്കുന്നത് 4414 വോട്ടുകള്‍ക്കാണ്. ഇവിടെ വോട്ട് വ്യത്യാസം 4956 വോട്ടുകളാണ്. ഈ കണക്കുകൾ പോലെ തന്നെ ജമ്മു-കശ്മീരിലെ അനന്ത്‌നാഗ്, ജാര്‍ഖണ്ഡിലെ കുന്തി, ഒഡീഷയിലെ കോരാപുട്ട്, യുപിയിലെ മാച്‌ലിഷഹര്‍ എന്നീ മണ്ഡലങ്ങളിലെ വോട്ട് വ്യത്യാസം ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്നതാണ്.