സവര്‍ക്കറെ പോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കണം; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശിവസേന

single-img
14 December 2019

ഡൽഹി രാംലീല മൈതാനിയിൽ കോൺഗ്രസ് നടത്തിയ ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കവെ ‘ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് ബിജെപിക്ക് പിന്നാലെ ശിവസേനയും രംഗത്തെത്തി.

സവര്‍ക്കറെപോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കണമെന്നും ജവഹർ ലാൽ നെഹ്‌റുവിനെയും ഗാന്ധിയെയും പോലെ വിഡി സവര്‍ക്കറും തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചയാളാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. സഞ്ജയ് റാവത്ത് പറഞ്ഞു.

‘സവര്‍ക്കര്‍ എന്ന വ്യക്തി മഹാരാഷ്ട്രയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അനുഗ്രഹമാണെന്നും രാജ്യസ്‌നേഹവും സ്വാഭിമാനവുമുള്ളയാളുമാണ്. ജവഹർലാൽ നെഹ്‌റുവിനെയും ഗാന്ധിയെയും പോലെ സവര്‍ക്കറും തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ചയാളാണ്. ഇതുപോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൊടുക്കല്‍ വാങ്ങലുകളില്ല’ സഞ്ജയ് റാവത്ത് എഴുതുന്നു.

നേരത്തെതന്നെ ബിജെപി രാഹുലിനെ വിമർശിച്ചുകൊണ്ട് വന്നിരുന്നു. രാഹുല്‍ ഗാന്ധിക്ക് നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല എന്നും സവര്‍ക്കര്‍ ‘വീര്‍’ ആണ്, രാജ്യസ്നേഹിയും എന്ന് ബിജെപി നേതാവ് സാംപിത് പത്ര പറയുകയുണ്ടായി.