ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നല്‍കി; 70,000 രൂപയും മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ഭർതൃവീട്ടില്‍ നിന്നും നവ വധു കടന്നു

single-img
14 December 2019

വിവാഹത്തിന്റെ നാല് ദിവസം ശേഷം മാത്രം ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണ്ണവുമായി നവവധു മുങ്ങി. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് 70,000 രൂപയും മൂന്ന് ലക്ഷം രൂപ വില വരുന്ന സ്വർണ്ണവുമായി യുവതി കടന്നതെന്ന് ഭർതൃവീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.

യുപിയിലെ ബദ്വാൻ ജില്ലയിലെ ഛോട്ടാ പരയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈ മാസം ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്. രാത്രി കഴിക്കാനുള്ള ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി കുടുംബത്തിലുള്ളവരെ അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് റിയ വീട്ടിൽനിന്ന് കടന്നുകളഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.