പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ശക്തം; മിസോറമിൽ ആരംഭിക്കാനിരുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു

single-img
14 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തിന്റെ ടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുന്ന സാഹചര്യത്തിൽ മിസോറമിൽ അടുത്ത മാസം തുടങ്ങാനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു. ഏപ്രിൽ മാസത്തിൽ മിസോറമിൽ തന്നെ മാറ്റിവെച്ച ടൂർണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിക്കുന്നു.

ജനകീയ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനാൽ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മിസോറാമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഫെഡറേഷന്‍ നേരത്തെ ആലോചിച്ചിരുന്നു. ഇത്തരത്തിൽ ആലോചന വന്നപ്പോൾ തന്നെ വേദിയൊരുക്കാന്‍ തയാറാണെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അറിയിക്കുകയും ചെയ്തു. അപ്പോഴാണ് മത്സരങ്ങള്‍ ഏപ്രിലിലേക്ക് നീട്ടിവെച്ചത്.

ഇതിന് മുൻപ് സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിന് കോഴിക്കോട് വേദിയായിരുന്നു. അടുത്ത മാസം 10 മുതല്‍ 23വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.