പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കണം; മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭ

single-img
13 December 2019

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ. സഭയുടെറെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യൻ പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് സർക്കാർ പുനര്‍പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

‘ ഇന്ത്യയുടെ പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്‍റെ അടിസ്ഥാന സ്വഭാവം’ – ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വക്താവ് ജെറമി ലോറന്‍സ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിവേചനത്തോടെയുള്ള ഇപ്പോഴത്തെ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമത്തിനെതിരെ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയാണ്. രാജ്യത്ത് നിയമം പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷാക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.