സ്ത്രീകൾക്കെതിരായ അതിക്രമം; സ്‌കൂളുകളിൽ ആണ്‍കുട്ടികളെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കാൻ കെജ്‌രിവാള്‍

single-img
13 December 2019

രാജ്യമാകെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികവും മാനസികവുമായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിൽ ആണ്‍കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാനൊരുങ്ങി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പെണ്‍കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അവരോട് മോശമായി പെരുമാറില്ല എന്നാണ് സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചര്‍ച്ചചെയ്തതായി ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

തനിക്കറിയാവുന്ന പല വീടുകളിലെ പെണ്‍കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലും ആണ്‍കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലും വിടും. കാരണം, വീട്ടുകാർ വിചാരിക്കുന്നത് അവരുടെ വിദ്യാഭ്യാസം അത്ര പ്രാധാന്യമര്‍ഹിക്കുന്നതല്ല എന്നതാണ്. അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

നമ്മുടെ സമൂഹത്തിൽ ആണ്‍കുട്ടികളില്‍ മോശം പെരുമാറ്റം ഉണ്ടാവാതിരിക്കാനായി ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. മോശം രീതിയിലുള്ള പെരുമാറ്റത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരെ വീട്ടിൽ കയറ്റില്ല എന്ന് പറയാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.